കേളകം (കണ്ണൂർ): വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിൽ നടത്തിയ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് ഉടൻ അത് തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. വ്യാപാരഭവൻ ട്രസ്റ്റിൻ്റെ പേരിലുള്ള ഓഫിസ് കെട്ടിടം വിറ്റ് പണം നിക്ഷേപകർക്ക് നൽകാൻ തീരുമാനമായിട്ട് നാളേറെയായെങ്കിലും പലവിധ നടപടി ക്രമങ്ങളിൽ പെട്ട് കൈമാറ്റം വൈകുകയായിരുന്നു. എന്നാൽ കെട്ടിടം നിക്ഷേപകരുടെയും സംഘടനയുടെ സംയുക്ത സമിതിയുടെ പേരിലേക്ക് മാറ്റിയ ശേഷം, വിൽപന നടത്താനാണ് ശ്രമിക്കുന്നതെന്ന്
വ്യാപാരി സംഘടന പ്രസിഡന്റ് രജീഷ് ബുൺ, സെക്രട്ടറി ബിബിൻ കടക്കുഴ, നിക്ഷേപകരുടെ സംഘടനാ ഭാരവാഹികളായ കൊച്ചിൻ രാജൻ, കെ.പി.ജോളി ജോൺസൺ നോവ, സാബു മുളന്താനം എന്നിവർ വിശദീകരണ യോഗത്തിൽ അറിയിച്ചു. സംഘടനയുടെ കൈവശമുള്ള വ്യാപാര ഭവൻ കെട്ടിടം നിലവിലെ ഭാരവാഹികളുടെയും നിക്ഷേപകരുടെ സംഘടനാ ഭാരവാഹികളുടെയും പേരിൽ എഴുതി നൽകാനുമാണ് തീരുമാനം. ഇതിന് മുന്നോടിയായി സെപ്റ്റംബർ 28 ന് ശനിയാഴ്ച 3 മണിക്ക് നിക്ഷേപകരുടെ യോഗം വ്യാപാര ഭവനിൽ വിളിച്ചു ചേർക്കും 371 നിക്ഷേപകർക്കായി 280 കോടി രൂപയാണ് നൽകാനുള്ളത്. രണ്ട് മാസത്തിനുള്ളിൽ കെട്ടിടം വിൽക്കാനും നിക്ഷേപകർക്ക് പണം നൽകാനും സാധിക്കുമെന്നാണ് കരുതുന്നത്. കെട്ടിടം വിൽപന നടത്താൻ മുൻപ് തന്നെ തീരുമാനിച്ചിരുന്നു എന്നാൽ നടപടികൾ നീണ്ടു പോയ സാഹചര്യത്തിലാണ് സംയുക്‌തമായി സംഘടനകളുടെ പേരിലേക്ക് കെട്ടിടം കൈമാറാൻ തീരുമാനിച്ചത്. സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഭാഗമായാണ് നിക്ഷേപ തട്ടിപ്പും നടന്നതെന്നും നിക്ഷേപകരുടെ പണം തിരികെ നൽകിയ ശേഷം സംഘടനയ്ക്കക്ക് ലഭിക്കാനുള്ള കുടിശിക തിരികെ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കും. കുറ്റക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. തട്ടിപ്പ് എങ്ങനെ നടന്നു എന്നും ഇടപാടുകളിൽ കൂടി എങ്ങനെ ബാധ്യതയുണ്ടായി എന്നും ഇനിയും സംഘടന വ്യക്തമാക്കിയിട്ടില്ല.
Traders Industry Coordinating Committee of Kelakam Unit A move has been made to sell the property and return the money to the investors.